Kerala
കൊച്ചി: എഡിജിപി എസ്. ശ്രീജിത്തിനെതിരേ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ദിപിന് എടവന നല്കിയ പരാതിയില് മൂന്നാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
എസ്. ശ്രീജിത്തിന്റെ സാന്നിധ്യമില്ലാതെ പരാതിക്കാരനെ തനിച്ചു കേട്ട് തീരുമാനമെടുത്തശേഷം റിപ്പോര്ട്ട് നല്കാന് ജസ്റ്റീസ് എ. ബദറുദ്ദീന് വിജിലന്സിന്റെ ചുമതലയുള്ള ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിക്കു നിര്ദേശം നല്കി.
അതേസമയം, കോടതി നിര്ദേശപ്രകാരം നേരത്തേ നിശ്ചയിച്ച ഹിയറിംഗില് മാനദണ്ഡങ്ങള് പാലിക്കാത്തതിന് ആഭ്യന്തരവകുപ്പിനെ കോടതി വിമര്ശിച്ചു.
Kerala
തിരുവനന്തപുരം: സസ്പെൻഷനെതിരേ എഡിജിപി എം.ആർ. അജിത് കുമാർ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ പോയിട്ടും തള്ളിയത് സർക്കാർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അച്ചടക്ക നടപടി സ്വീകരിച്ചതിനാലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
രക്ഷാപ്രവർത്തന കേസിൽ സർക്കാരിന്റെ ആദ്യ മന്ത്രിസഭയിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് രണ്ടു മാസംകൊണ്ട് പൂർത്തിയാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നു.
ധൃതി കൂടാതെ സമചിത്തതയോടെയും ഏകാഗ്രതയോടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ആദ്യത്തെ റിപ്പോർട്ടിൽ ഡിജിപി കൂടുതൽ വിശദീകരണം തേടുകയായിരുന്നു.
രണ്ടാമത്തെ റിപ്പോർട്ടിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എഡിജിപിക്കു പറയാനുള്ളതും കേട്ടാണ് നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Kerala
കൊച്ചി: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി. സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത്കുമാറിന്റെ ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ തള്ളി. സർക്കാരിന്റെ വാദങ്ങൾ പരിഗണിച്ചാണ് ട്രിബ്യൂണൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജിയിൽ വിശദമായ വാദം പിന്നീട് കേൾക്കും. മറുപടി നൽകാൻ സർക്കാരിന് നിർദേശം നൽകിയ ട്രിബ്യൂണൽ കേസ് 20ന് വീണ്ടും പരിഗണിക്കും. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗ്യതയില്ല. ഇരകൾക്ക് നീതി ലഭിക്കുന്നത് തടയുന്ന തരത്തിൽ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നുമായിരുന്നു സർക്കാരിന്റെ വാദം.
അതേസമയം സസ്പെൻഷൻ നടപടി ചട്ടങ്ങൾ പാലിക്കാതെയാണ് സ്വീകരിച്ചതെന്നും കേസിന്റെ അന്വേഷണം തന്റെ കീഴിലുള്ള ഉദ്യോഗസ്ഥനാണ് നടത്തിയതെന്നുമാണ് അജിത്കുമാറിന്റെ വാദം. തുടർന്ന് അദ്ദേഹത്തിന്റെ ഹർജി ട്രിബ്യൂണൽ തള്ളുകയായിരുന്നു.
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്. ആഭ്യന്തര മന്ത്രിയുടെ ശിപാർശ മുഖ്യമന്ത്രി അംഗീകരിച്ചതോടെയാണ് നടപടി ഉണ്ടായത്. നേരത്തെ അജിത്കുമാറിനെതിരായ നടപടി വൈകുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.
ഈ മാസം 31ന് അജിത്കുമാറിന് ഡിജിപി സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്താണ് അദ്ദേഹം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സാധാരണ നില വിട്ടുള്ള ചില നടപടിക്രമങ്ങൾ കാണുന്നുണ്ടെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ സ്വീകരിച്ച നടപടികളിൽ ചില പ്രശ്നങ്ങൾ കാണുന്നുണ്ടെന്നും കൂടുതൽ പിന്നീട് പ്രതികരിക്കാമെന്നും പിണറായി പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഗണ്മാൻമാർ യൂത്ത്കോണ്ഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അന്വേഷണം അട്ടിമറിച്ചതിന് എഡിജിപി എം.ആർ. അജിത്കുമാറിനെ സസ്പെൻഡ് ചെയ്ത നടപടി സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പിണറായി.
ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത നടപടിയെക്കുറിച്ചു ചോദിച്ചപ്പോൾ നടപടി സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.
Kerala
തൃശൂർ: എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയതു ഡിജിപിയുടെ കൃത്യമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നു മന്ത്രി രമേശ് ചെന്നിത്തല.
ഈ ഉത്തരവിൽ അസാധാരണമായി ഒന്നുമില്ല. അധികാര ദുർവിനിയോഗവും വഴിവിട്ടുള്ള പ്രവർത്തനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാൻ കഴിയില്ലെന്നും അതു വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിലൂടെ തെറ്റുകൾ തെളിയിക്കപ്പെട്ടാൽ ആർക്കെതിരേയാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കും. അതാണു സർക്കാരിന്റെ നയം.
ആലപ്പുഴയിലെ കുപ്രസിദ്ധ‘രക്ഷാപ്രവർത്തന’വുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് എടുക്കുന്നതു സംബന്ധിച്ച് തനിക്ക് അറിവില്ല. കുന്നംകുളം കസ്റ്റഡി മർദനത്തിൽ മുൻപ് ശിക്ഷാനടപടി സ്വീകരിച്ചതാണെന്നും തുടരന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിന് സസ്പെൻഷൻ. ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എം.ആർ. അജിത്കുമാറിനെതിരായ റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയതിന് പിന്നാലെയാണ് നടപടി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സസ്പെൻഷന് ശിപാർശ ചെയ്തത്. ശിപാർശ മുഖ്യമന്ത്രിയും അംഗീകരിച്ചതോടെയാണ് നടപടിയുണ്ടായത്. അജിത് കുമാറിനെതിരായ നടപടി വൈകുന്നുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു.
പിണറായി വിജയൻ സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽവച്ച് പ്രതിഷേധിക്കാനെത്തിയ കെഎസ്യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥർ മർദിച്ചിരുന്നു. നിലവിലെ എംഎൽഎ എ.ഡി. തോമസിനും അന്ന് മർദനമേറ്റിരുന്നു.
ഈ കേസിലെ അന്വേഷണ റിപ്പോർട്ട് അട്ടിമറിക്കാൻ ശ്രമിച്ചെന്ന കണ്ടെത്തലിന് പിന്നാലെയാണ് എം.ആർ. അജിത്കുമാറിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജൂലൈ 31ന് അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് സർക്കാരിന് മുന്നിലെത്തിയ റിപ്പോർട്ടിൻമേൽ നടപടിയുണ്ടായിരിക്കുന്നത്.
ഡിജിപി സ്ഥാനക്കയറ്റവും നഷ്ടമാകും
തിരുവനന്തപുരം: സസ്പെഷനു പിന്നാലെ ഡിജിപി പദവിയിലേക്കുള്ള സ്ഥാനക്കയറ്റവും എഡിജിപി എം.ആർ. അജിത്കുമാറിന് നഷ്ടമാകും. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈ മാസം 31നു വിരമിക്കുന്പോൾ 1995 ബാച്ചിലെ മുതിർന്ന ഉദ്യോഗസ്ഥനായ എം.ആർ. അജിത്കുമാറിനാണ് ഈ പദവി ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നൽകാൻ കഴിയില്ല.
ഷൗക്കത്തലി കണ്ടെത്തിയത് ഡിജിറ്റൽ തെളിവുകൾ
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തന അട്ടിമറി കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളാണ് പ്രത്യേക അന്വേഷണസംഘത്തലവനായ എസ്പി എ.പി. ഷൗക്കത്തലി കണ്ടെത്തിയതെന്ന് സൂചന. മൊബൈൽ ഫോണ് രേഖകളും സിസിടിവി ദൃശ്യങ്ങളും അടങ്ങിയ ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചത്. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്കു കടന്നത്.
Kerala
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേ ഏറ്റവും കൂടുതൽ നടപടി ആവശ്യപ്പെട്ട താൻ അജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തിൽ വ്യാജ പ്രചാരണം അഴിച്ചുവിട്ടതായി മുഖ്യമന്ത്രി വി.ഡി. സതീശൻ.
ഡിജിപിയുടെ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സർക്കാരിലേക്ക് എത്തിയത്. നടപടിക്രമം പാലിച്ചുള്ള നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം വൈകുന്നെന്ന പരാതിയിൽ സർക്കാർ അധികാരത്തിൽ എത്തിയിട്ട് രണ്ടു മാസമല്ലേ ആകുന്നുള്ളൂ. എല്ലാം ചർച്ച ചെയ്തു തീരുമാനിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബോർഡ്- കോർപറേഷൻ പുനഃസംഘടന വൈകുന്നതു സംബന്ധിച്ച ചോദ്യങ്ങൾക്ക് ഓരോന്നായി നടത്തി വരികയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കിഫ്ബിയിലെ ധൂർത്ത് അന്വേഷിക്കുമോ എന്ന ചോദ്യത്തിന് പുനഃസംഘടന അടക്കമുള്ള പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ചെന്നും റിപ്പോർട്ട് വന്നശേഷം തുടർ നടപടി സ്വീകരിക്കാമെന്നുമായിരുന്നു മറുപടി.
Kerala
തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്ത്തന കേസില് വിശദീകരണം നല്കാന് കൂടുതല് സമയം വേണമെന്ന എഡിജിപി എം.ആര്. അജിത്കുമാറിന്റെ ആവശ്യം സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര് തള്ളി.
സംഭവം നടക്കുന്ന കാലയളവില് ചൂരല്മലയിലെ രക്ഷാപ്രവര്ത്തന ചുമതലയിലായിരുന്നുവെന്നും യാത്രാരേഖകള് ഉള്പ്പെടെ ഹാജരാക്കാന് കൂടുതല് സമയം വേണമെന്നുമാണ് അജിത്ത് കുമാര് ഡിജിപിയോടു വിശദീകരിച്ചത്. കൂടുതല് സമയം നല്കാനാകില്ലെന്ന് ഡിജിപി വ്യക്തമാക്കുകയായിരുന്നു.
എസ്ഐടി തലവന് എസ്പി ഷൗക്കത്തലി എം.ആര്. അജിത്കുമാറിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്പ്പിച്ച റിപ്പോര്ട്ട് ഡിജിപി ഉടന് ആഭ്യന്തര സെക്രട്ടറിക്കു സമര്പ്പിക്കും. ഈ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറില് നിന്നു വിശദീകരണം തേടിയത്.
മുന് മുഖ്യമന്ത്രി പിണറായി വിജയന് നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരേ ഗണ്മാനും പോലീസുകാരും ക്രൂരമായി മര്ദിച്ച കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിച്ചത് അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ച് തുടരന്വേഷണം നടത്തിയ എസ്ഐടിയുടെ കണ്ടെത്തല്.
ഈ മാസം മുപ്പതിന് ഫയര്ഫോഴ്സ് മേധാവി സ്ഥാനത്തുനിന്നു നിതിന് അഗര്വാള് വിരമിക്കുന്പോൾ ഡിജിപി റാങ്കില് സീനിയോറിറ്റി പ്രകാരം അജിത്കുമാറിനാണ് അവസരം ലഭിക്കുന്നത്. അജിത്കുമാറിനെതിരേ സര്ക്കാര് അച്ചടക്ക നടപടി സ്വീകരിച്ചാല് അവസരം നഷ്ടമായേക്കും.
എന്നാല് അജിത്കുമാറിനെതിരേ ഗുരുതര നടപടി വേണമെന്ന് സര്ക്കാരിനോട് ഡിജിപി ആവശ്യപ്പെടുമൊയെന്ന കാര്യം പ്രധാനമാണ്. അജിത്കുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്നാണ് യൂത്ത് കോണ്ഗ്രസിന്റെ നിലപാട്.
Kerala
തിരുവനന്തപുരം: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ, തനിക്കെതിരെയുള്ള കണ്ടെത്തലുകളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇന്ന് മറുപടി നൽകും. വൈകുന്നേരത്തോടെ ഡിജിപിക്ക് വിശദീകരണം നൽകുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.
അജിത് കുമാറിന്റെ മറുപടി ലഭിച്ച ശേഷം, ഡിജിപി സ്വന്തം ശിപാർശ കൂടി കൂട്ടിച്ചേർത്ത് സർക്കാരിന് അന്തിമ റിപ്പോർട്ട് കൈമാറും. എം.ആർ. അജിത് കുമാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട സ്ക്രീനിംഗ് കമ്മിറ്റി കൂടുന്നതിന് മുൻപ് തന്നെ ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പ്രത്യേക അന്വേഷണ സംഘം ഡിജിപിക്ക് കൈമാറിയത്. എന്നാൽ, ചില വിഷയങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ട് ഡിജിപി ഈ റിപ്പോർട്ട് തിരിച്ചയക്കുകയായിരുന്നു.
തുടർന്ന്, ചില രേഖകൾ തിരുത്താൻ എഡിജിപി എം.ആർ. അജിത് കുമാർ നിർദേശം നൽകിയതിന്റെ സ്ക്രീൻഷോട്ടുകൾ അടക്കം, അദ്ദേഹത്തിന്റെ പേര് എടുത്തുപറഞ്ഞുകൊണ്ട് എസ്ഐടി റിപ്പോർട്ട് പുനഃസമർപ്പിച്ചു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനോട് ഡിജിപി മറുപടി ആവശ്യപ്പെട്ടത്. നിലവിൽ യാത്രയിലായതിനാൽ തലസ്ഥാനത്തില്ലെന്നും 21-ാം തീയതി വിശദീകരണം നൽകുമെന്നുമാണ് അദ്ദേഹം മറുപടി നൽകിയിരുന്നത്.
Kerala
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ അട്ടിമറി കേസിൽ അന്വേഷണം നേരിടുന്ന എഡിജിപി എം.ആർ. അജിത്കുമാർ ഇപ്പോഴത്തെ ഡിജിപി സ്ഥാനക്കയറ്റ പട്ടികയിൽ ഉൾപ്പെട്ടേക്കില്ല. ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ 31നു വിരമിക്കുന്ന ഒഴിവിൽ നിലവിലെ സീനിയർ എഡിജിപിയായ അജിത്കുമാറാണ് ഡിജിപി പദവിയിലെത്തേണ്ടത്.
എന്നാൽ, അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ തൊട്ടുതാഴെയുള്ള ഐപിഎസ് ബാച്ചിലെ എഡിജിപിയായ എസ്. ശ്രീജിത്തിനാണ് സാധ്യത. ഇതോടൊപ്പം കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് രാജ് പുരോഹിത്തിനും ഡിജിപി പദവി നൽകും.
പ്രത്യേക അന്വേഷണ സംഘം സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ അന്വേഷണ അട്ടിമറിയിൽ അന്ന് ക്രസമാധാന ചുമതല വഹിച്ചിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് വ്യക്തമാക്കിയിരുന്നു.
ഇതിൽ അജിത്തിനോടു വിശദീകരണം തേടിയെങ്കിലും സ്വകാര്യ യാത്രയുമായി ബന്ധപ്പെട്ടു കേരളത്തിനു പുറത്തുള്ള സാഹചര്യത്തിൽ മടങ്ങിയെത്തിയ ശേഷം മറുപടി നൽകാമെന്നാണ് അറിയിച്ചത്. ഇന്നു മടങ്ങിയെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാൽ ഇന്നോ നാളെയോ മറുപടി നൽകുമെന്നാണു കരുതുന്നത്.
തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ ശിപാർശ സഹിതമുള്ള റിപ്പോർട്ട് ആഭ്യന്തര വകുപ്പിനു കൈമാറും. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും സംയുക്ത യോഗം ചേർന്നാകും അജിത്തിനെതിരേയുള്ള തുടർ നടപടി സ്വീകരിക്കുക.
നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു നേർക്കു കരിങ്കൊടി കാട്ടിയ കെഎസ്യു- യൂത്ത്കോണ്ഗ്രസ് നേതാക്കളെ മുഖ്യമന്ത്രിയുടെ ഗണ്മാൻമാർ മർദിച്ചെന്നാണ് പരാതി.
കേസ് അന്വേഷിച്ച പ്രത്യേക പോലീസ് സംഘത്തെ എഡിജിപിയുടെ ഓഫീസിൽ വിളിച്ചുവരുത്തി കേസ് അട്ടിമറിച്ചെന്നാണ് ആരോപണം.
Kerala
തിരുവനന്തപുരം : സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി.വിജയൻ ചുമതലയേറ്റു. ഇന്റലിജൻസ് മേധാവിയായിരുന്ന വിജയനെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റുകയായിരുന്നു.
ക്രമസമാധാന ചുമതലയുണ്ടായിരുന്നു എച്ച്. വെങ്കിടേഷിൽ നിന്നാണ് ചുമതലയേറ്റെടുത്തത്. പുതിയ ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശിപും ഐജിയായി ആർ. നിശാന്തിനിയും ചുമതലയേറ്റു.
അതേസമയം ഉത്തരമേഖല ഐജിയായ പുട്ട വിമലാദിത്യയെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. ആഭ്യന്തര ഇന്റലിജൻസിൽ ഐജി സതീഷ് ബിനോയയെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജിയായ കെ. കാർത്തിക്കിനെയും തൃശൂർ റെയ്ഞ്ചിൽ ടി. നാരായണനെയും നിയമിച്ചു.
Kerala
തിരുവനന്തപുരം: നവകേരള സദസിനിടെ പ്രതിഷേധിച്ച കെഎസ്യു- യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർ മര്ദ്ദിച്ച സംഭവത്തില് എഡിജിപി എം.ആര്. അജിത് കുമാറിന് കുരുക്ക് മുറുകുന്നു.
തെളിവുകള് ശേഖരിക്കാന് അജിത്കുമാർ തടസം നിന്നെന്നും കേസ് ഡയറിയും അന്തിമ അന്വേഷണ റിപ്പോര്ട്ടും തിരുത്തിച്ചെന്നുമാണ് കേസ് അന്വേഷിച്ച അഞ്ച് പോലീസ് ഉദ്യോഗസ്ഥർ അന്വേഷണസംഘത്തിനു മൊഴി നല്കിയത്.
ഗണ്മാന്മാരെ ചോദ്യംചെയ്യുന്നത് അജിത് കുമാര് തടഞ്ഞുവെന്നും ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്യാന് അനുവദിച്ചില്ലെന്നും മൊഴിയിൽ പറയുന്നു. രണ്ട് ഡിവൈഎസ്പിമാരും രണ്ട് ഇന്സ്പെക്ടര്മാരും ഒരു എസ്ഐയുമാണ് മൊഴി നല്കിയത്.
കേസിൽ അജിത് കുമാറിനെതിരേ കൂടുതല് തെളിവുകള് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതിനു ശേഷം മാത്രമാകും എഡിജിപിക്കെതിരേ റിപ്പോര്ട്ട് നല്കുക. കേസ് അട്ടിമറിച്ചതില് അജിത് കുമാറിനെ പ്രതി ചേര്ത്തേക്കും. കൂടാതെ, അജിത് കുമാറിന്റെ ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാരും പ്രതികളാകും.
അതേസമയം, "രക്ഷാപ്രവർത്തനം' സംബന്ധിച്ച് നടത്തിയ പുനരന്വേഷണത്തിന്റെ ആദ്യ റിപ്പോർട്ട് ഇന്ന് കൈമാറും. സംസ്ഥാന പോലീസ് മേധാവിക്ക് ആണ് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് നൽകുക. ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ജീവനക്കാരൻ സന്ദീപ്, മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരാണ് കേസിലെ പ്രതികൾ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പ്തല നടപടികൾ ഉണ്ടായേക്കും.
Kerala
തിരുവനന്തപുരം: എഡിജിപി എസ്.ശ്രീജിത്തിന്റെ അബുദാബി സന്ദർശനത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി ശ്രീജിത്ത് അബുദാബിയിൽ സന്ദർശനം നടത്തിയിരുന്നു.
ഇതിനിടെ അദ്ദേഹം സ്വകാര്യ ആയുർവേദിക് സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാഥിതിയായി പങ്കെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
അനുമതി ഇല്ലാതെയാണ് ആയുർവേദ സെന്ററിന്റെ ഉദ്ഘാടനത്തിന് എസ്. ശ്രീജിത്ത് പോയതെന്ന് ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇസ്പെക്ടർ ദീപൻ ഇടമന നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ്. അബുദാബിയിലേക്ക് പോകുന്ന കാര്യം ശ്രീജിത്ത് സർക്കാരിനെ അറിയിച്ചിരുന്നു.
എന്നാൽ സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോകുന്നതിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് പരാതിക്കാരൻ പറഞ്ഞു. ട്രാൻസ്പോർട്ട് കമ്മീഷണറായിരുന്ന സമയത്ത് ശ്രീജിത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ, ട്രാൻസ്ഫറുകൾ തുടങ്ങിയവ സംബന്ധിച്ചും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ജയിൽ വകുപ്പ് മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരേ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഉയർന്ന ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തുന്നതിനു സർക്കാരിൽ നിന്നുള്ള മുൻകൂർ അനുമതി വാങ്ങി ഹാജരാക്കാൻ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ഹർജിക്കാരന് നിർദേശം നൽകി.
ടി.എസ്. ആശിഷ് നൽകിയ ഹർജിയിലാണ് കോടതി നടപടി. ജയിൽ വകുപ്പിലെ അഴിമതികളുമായി ബന്ധപ്പെട്ട് വിരമിച്ച ഡിഐജി പി. അജയകുമാർ ഒരു പ്രമുഖ മാധ്യമത്തിലൂടെ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹർജിക്ക് ആധാരം.
നിലവിൽ അഴിമതിക്കേസിൽ സസ്പെൻഷനിലുള്ള ജയിൽ ഡിഐജി എം.കെ. വിനോദ് കുമാർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ബൽറാം കുമാർ ഉപാധ്യായ ഒത്താശ ചെയ്തെന്നും തടവുകാർക്കു ചട്ടവിരുദ്ധമായി പരോൾ അനുവദിക്കുന്നതിനും, ജയിലുകൾക്കുള്ളിലേക്കു ലഹരിവസ്തുക്കളും മൊബൈൽ ഫോണും എത്തിക്കുന്നതിനും വിനോദ് കുമാർ കൈക്കൂലി വാങ്ങിയിരുന്നതായും ഇതിൽ ജയിൽ മേധാവിക്ക് പങ്ക് ലഭിച്ചതായും ഹർജിയിൽ ആരോപിക്കുന്നു.
കേസിൽ പ്രാഥമിക വാദം കേട്ട കോടതി, ഉന്നയിക്കപ്പെട്ട പരാതികളിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നു നിരീക്ഷിച്ചു. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതികൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം പ്രഖ്യാപിക്കുന്നതിനു മുൻപായി ബന്ധപ്പെട്ട അധികാരികളിൽ നിന്നുള്ള അനുമതിപത്രം ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ആവശ്യമായ രേഖകൾ സഹിതം വീണ്ടും സമീപിക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചത്.
Kerala
തിരുവനന്തപുരം: എഡിജിപി എസ്. ശ്രീജിത്ത് നൽകിയ മാനനഷ്ട കേസിൽ രാഷ്ട്രീയ നിരീക്ഷകൻ കെ.എം. ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. തിരുവനന്തപുരം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.
പിഴ ശിക്ഷയോടൊപ്പം കോടതിചെലവും ഷാജഹാൻ അടയ്ക്കണമെന്നും കോടതി വിധിച്ചു. യൂട്യൂബിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് എസ്. ശ്രീജിത്ത് ഫയൽ ചെയ്ത സിവിൽ കേസിലാണ് നിലവിലെ കോടതി വിധി.
സമാന സംഭവത്തിൽ എഡിജിപി ക്രിമിനൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. ക്രിമിനൽ കേസിലെ വിധി ഇനി വരാനുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് കാലയളവിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്കിയ പരാതിയില് പ്രാഥമികാന്വേഷണം. പരാതി അന്വേഷണത്തിനായി എഡിജിപിക്ക് കൈമാറി.
വൈറലായ ഗാനത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. കേസെടുക്കുന്നതില് ആശയക്കുഴപ്പം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേസെടുക്കുന്നതിൽ നിയമോപദേശം തേടും.
ഗാനം അയ്യപ്പ ഭക്തരെ വേദനിപ്പിക്കുന്നതെന്നാണ് പരാതി. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: യുവതിയുടെ സൈബർ അധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി ഉണ്ടാകുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ഇരയ്ക്ക് സംരക്ഷണം കൊടുക്കാൻ പോലീസ് ബാധ്യസ്ഥരാണ്. ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ഗ്രൂപ്പുകൾക്ക് എതിരെയും കുറ്റക്കാർക്കെതിരെയും കൃത്യമായ പ്രോസിക്യൂഷൻ നടപടി ഉണ്ടാകും. പരാതിയിൽ പറഞ്ഞിരിക്കുന്ന കൂടുതൽ പേർക്കെതിരെയും നടപടിയെടുക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.
പരാതിയിൽ എല്ലാവരുടെയും യുആർഎച്ച് വച്ച് ഒരു പൊതു എഫ്ഐആർ ആണ് തയാറാക്കിയിരിക്കുന്നത്. ഓരോരുത്തരുടെയും പോസ്റ്റ് പരിശോധിച്ച് പ്രതിയാക്കും.
Kerala
ശബരിമല: മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16ന് നട തുറന്ന ശേഷം ഇതുവരെ 1.36 ലക്ഷം പേർ ദർശനം നടത്തിയതായി എഡിജിപി എസ്. ശ്രീജിത്ത്. ആദ്യദിനം മാത്രം 55,000 ത്തോളം പേരാണ് ദർശനത്തിന് എത്തിയത്.
വെർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരെയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരെയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. സുഗമമായ ദർശനത്തിന് എല്ലാവരും വെർച്യൽ ക്യൂ സംവിധാനം ഉപയോഗിക്കണമെന്നും എഡിജിപി നിർദ്ദേശിച്ചു.
തീർഥാടന കാലത്തേയ്ക്കായി 18,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. നിലവിൽ 3,500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
Kerala
കൊച്ചി: ശബരിമല സന്നിധാനത്തെ പുതിയ പോലീസ് കൺട്രോളറുടെ നിയമനത്തിൽ നിർദേശവുമായി ഹൈക്കോടതി. ഉദ്യോഗസ്ഥനെപ്പറ്റിയുള്ള സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കണം.
സർവീസ് കാലയളവിലെ മികവ്, സ്വഭാവം, അച്ചടക്ക നടപടി നേരിട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. പുതിയതായി നിയമിച്ച ആർ. കൃഷ്ണകുമാറിന്റെ വിവരങ്ങളാണ് ദേവസ്വം ബെഞ്ച് ആവശ്യപ്പെട്ടത്.
ശബരിമല ചീഫ് പോലീസ് കോ-ഓർഡിനേറ്ററായ എഡിജിപിക്കാണ് നിർദേശം നൽകിയിരിക്കുന്നത്. കൂടാതെ പമ്പയിലും സന്നിധാനത്തും നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും വിവരങ്ങളും നൽകണം.
തുടർച്ചയായി രണ്ട് വർഷത്തിലേറെ ഇവിടങ്ങളിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ മുഴുവൻ വിവരങ്ങളും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: അഴിമതിക്കേസില് ക്ലീന് ചിറ്റ് റിപ്പോർട്ട് തള്ളിയ വിജിലന്സ് കോടതിവിധിക്കെതിരേ എഡിജിപി എം.ആർ. അജിത് കുമാര് ഇന്ന് ഹൈക്കോടതിയില് അപ്പീൽ നല്കും. വസ്തുതകൾ ശരിയായി വിലയിരുത്താതെയുള്ള വിധി സ്റ്റേ ചെയ്യണം എന്നാണ് ക്രിമിനൽ അഭിഭാഷകൻ ബി. രാമൻ പിള്ള മുഖേന നല്കുന്ന ഹര്ജിയിലെ ആവശ്യം.
ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്ശത്തില് സര്ക്കാരും അപ്പീൽ നല്കുന്നുണ്ട്. കേസന്വേഷണത്തിൽ ഇടപെടാൻ മുഖ്യന്ത്രിക്ക് എന്ത് അധികാരമെന്ന ചോദ്യം വിജിലന്സ് മാന്വവലിനെതിരെന്നാണ് സര്ക്കാരിന്റെ വാദം. സ്വന്തം നിലയിൽ കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി എടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
Kerala
തിരുവനന്തപുരം: എഡിജിപി. എം.ആര്. അജിത്കുമാറിന്റെ വിവാദമായ ശബരിമലയിലേക്കുള്ള ട്രാക്ടര് യാത്ര, സംസ്ഥാന പോലീസ് മേധാവിക്ക് അജിത്ത് കുമാര് വിശദീകരണം നല്കി. ശബരിമലയിലേക്ക് പോകവെ തനിക്ക് കാല് വേദനിച്ചത് കൊണ്ടാണ് ട്രാക്ടറില് യാത്ര ചെയ്തതെന്നാണ് എഡിജിപി. അജിത്ത് കുമാര് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് വിശദീകരണം നല്കിയത്.
അജിത്കുമാറും രണ്ട് സഹായികളും ട്രാക്ടറില് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്ത് വരികയും ഹൈക്കോടതി ഈ വിഷയത്തില് റിപ്പോര്ട്ട് തേടുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തിയതിനെത്തുടര്ന്ന് പമ്പ പോലീസ് ട്രാക്ടര് ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര് രജിസ്റ്റര് ചെയ്തിരുന്നു.
എഡിജിപിയുടെയും സഹായികളെയും കേസില് പ്രതി ചേര്ത്തില്ല. ഈ നടപടിയ്ക്കെതിരേ കഴിഞ്ഞ ദിവസം മുതല് പോലീസ് സേനയ്ക്കുള്ളില് അമര്ഷം പുകയുകയാണ്. പത്തനംതിട്ട എസ്പിയുടെ പമ്പ എസ്എച്ച്ഒയുടെയും അറിവോടെയും ഒത്താശയോടെയുമാണ് ഹൈക്കോടതി വിധി ലംഘിച്ചുള്ള എഡിജിപി യുടെ ട്രാക്ടര് യാത്രയെന്നാണ് ആരോപണം ഉയരുന്നത്.
Kerala
കൊച്ചി: ശബരിമലയിലേക്ക് എഡിജിപി എം.ആര്. അജിത്കുമാര് ട്രാക്ടറില് യാത്ര ചെയ്ത സംഭവത്തില് രൂക്ഷവിമര്ശനവുമായി ഹൈക്കോടതി. യാത്ര ദൗര്ഭാഗ്യകരമാണെന്ന് വിശേഷിപ്പിച്ച കോടതി അസുഖം എന്തെങ്കിലും ഉണ്ടെങ്കില് ആംബുലന്സില് പൊയ്ക്കൂടെ എന്നും ചോദിച്ചു.
സ്പെഷല് കമ്മീഷണറുടെ റിപ്പോര്ട്ട് പരിഗണിച്ചായിരുന്നു ജസ്റ്റീസ് അനില് കെ. നരേന്ദ്രന്, മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ വിമര്ശനം.
എഡിജിപി നടത്തിയത് അധികാര ദുര്വിനിയോഗമായി ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഏത് സാഹചര്യത്തിലാണ് വീഴ്ചയുണ്ടായതെന്ന് എസ്പിയോട് വിശദീകരണവും തേടിയിട്ടുണ്ട്.
ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന കോടതിയുടെ കർശന നിർദ്ദേശം മറികടന്നാണ് എഡിജിപിയുടെ നടപടി. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
Kerala
തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി. പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമെന്ന ഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി ശരിവച്ചു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി.
പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്നാണ് വിമർശനം.
രാത്രിയിൽ പൂരം അലങ്കോലപ്പെട്ടപ്പോള് മന്ത്രി ആദ്യം വിളിച്ചത് എഡിജിപിയാണ്. മറ്റ് ചിലരും വിളിച്ചു. നഗരത്തിലുണ്ടായ എഡിജിപി ഫോണ് എടുക്കുകയോ പ്രശ്നത്തിൽ ഇടപെടുകയോ ചെയ്തില്ലെന്നാണ് റിപ്പോർട്ട്.